ന്യൂയോർക്ക്: റോക്ലൻഡിലുള്ള സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ദേവാലയത്തിലെ 2026-ലെ മതബോധന ബിരുദദാന ചടങ്ങ് ഭക്തിനിർഭരവും ആഘോഷപൂർണവുമായി ജൂൺ 28നു നടന്നു. കോട്ടയം അതിരൂപത മെത്രാപ്പോലീത്ത മാർ മാത്യു മൂലക്കാട്ട് മുഖ്യകാർമികത്വം വഹിച്ചു അർപ്പിച്ച വിശുദ്ധ കുർബാനയോടെയായിരുന്നു പരിപാടികളുടെ തുടക്കം.
ഇടവക വികാരി ഫാ. ജോബി പൂച്ചൂക്കണ്ടത്തിൽ, മുൻ വികാരി ഫാ. ജോസ് അദോപ്പിള്ളിൽ എന്നിവർ സഹകാർമികരായിരുന്നു. വിശുദ്ധ കുർബാന മധ്യേ നൽകിയ സന്ദേശത്തിൽ, മാതാപിതാക്കൾ സ്വന്തം ആഗ്രഹങ്ങൾ മക്കളിൽ അടിച്ചേൽപ്പിക്കുന്നതിനേക്കാൾ ദൈവം ഓരോ മക്കൾക്കും ഒരുക്കിയിരിക്കുന്ന ദൈവിക പദ്ധതി തിരിച്ചറിയുവാൻ പ്രാർഥിക്കണമെന്ന് മാർ മാത്യു മൂലക്കാട്ട് പിതാവ് ആഹ്വാനം ചെയ്തു.
മതബോധന അധ്യാപനം ഒരു ദൈവവിളിയാണെന്നും ആ വിളി സ്വീകരിക്കുന്നവർക്ക് ആവശ്യമായ ജ്ഞാനവും കൃപയും ദൈവം തന്നെ നൽകുന്നുവെന്നും അദ്ദേഹം ഓർമിപ്പിച്ചു. അധ്യാപകരുടെ കഴിവുകൾ മാത്രമല്ല, ദൈവാനുഗ്രഹവും സഹായവുമാണ് വിശ്വാസപഠനം ഫലപ്രദമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.